നാള്‍വഴി

കേരളത്തിലെ സർവ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയില്‍ പ്രഥമ ഗണനീയ സ്ഥാനം വഹിക്കുന്ന സഹകരണ സംഘങ്ങളിലൊന്നാണ് നമ്മുടെ സ്ഥാപനം. തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ സഹകരണ മനോഭാവവും സ്വാശ്രയ സമ്പാദ്യ ശീലവും ലക്ഷ്യമിട്ടുകൊണ്ട് 1950 ഫെബ്രുവരി 22 ന് ആരാധ്യനായ ശ്രീ . എം . ജോസഫിന്‍റെ നേതൃത്വത്തില്‍ ശ്രീ . എം. എച്ച്. അബ്ദുള്‍സലാം, ശ്രീ എ. നാരായണന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഘം രജിസ്റ്റര്‍ ചെയ്യുകയും, 1950 ജൂലൈ 6 ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം പവ്വര്‍ ഹൗസിലായിരുന്നു പ്രവര്‍ത്തനാരംഭം. ഇവിടുത്തെ ജീവനക്കാര്‍ മാത്രം അംഗങ്ങളായിരുന്ന ആദ്യകാലങ്ങളില്‍ നൂറു രൂപയായിരുന്നു ദീര്‍ഘകാല വായ്പയായി അനുവദിച്ചിരുന്നത്.

About

വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തന മാന്ദീകരണം സംഭവിച്ച സംഘത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1973 ഡിസംബര്‍ മാസം സര്‍വ്വശ്രീ . പി. എ സുഗതന്‍റെ നേതൃത്വത്തില്‍ ശ്രീ.എ. നാരായണന്‍ നായര്‍, ശ്രീ ടി.എ. നടരാജന്‍ (സഹകരണസംഘം ഇന്‍സ്പെക്ടര്‍) എന്നിവരുള്‍പ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍ വന്നു.

1974 ജനുവരി 26ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതിയില്‍ സര്‍വ്വാദരണീയരായ ശ്രീ. എം. എച്ച് . അബ്ദുള്‍സലാം ,ശ്രീ പി.എ. സുഗതന്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നു. ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാല്‍ സംഘത്തിന്‍റെ പുരോഗതി നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടര്‍ന്നു വന്ന എല്ലാ ഭരണ സമിതികള്‍ക്കും സാധിച്ചു.

ബോര്‍ഡ് ഓഫീസ് വൈദൃുതി ഭവനിലേക്ക് മാറ്റിയപ്പോള്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി വൈദൃുതി ഭവന്‍ ബ്രാഞ്ച് ആരംഭിച്ചു. ലളിതമായ വ്യവസ്ഥകള്‍ അടങ്ങിയ വിവിധ ഇനം വായ്പാ പദ്ധതികളും, പരസ്പരപ്രയോജക നിക്ഷേപ പദ്ധതികളും (MDS), സ്വര്‍ണ്ണപണയ വായ്പയും ചെറുതും വലുതുമായ നിക്ഷേപ പദ്ധതികളും തുടങ്ങി. സഹകാരികളുടെ കുട്ടികളുടെ പഠന പ്രോത്സാഹന പദ്ധതികളും സംഘം നടത്തിവരുന്നു . സഹകരണ സ്ഥാപനമെന്ന അന്തസ്സ് ഉള്‍ക്കൊണ്ടുതന്നെ അതാതു കാലത്തെ സംസ്ഥാന സര്‍ക്കാരുകളുടെ വിവിധതരം ജനോപകാര പ്രവര്‍ത്തനങ്ങളിലും സംഘം പങ്കാളിയാകുന്നുണ്ട്.

വിവര സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നൂതനമായ വിവിധ പദ്ധതികള്‍ സംഘം നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്‍റ് വഴിയും ഇലക്ട്രോണിക് ക്ലീറിംഗ് സിസ്റ്റം (ECS)വഴിയും വിദൂര ഇടങ്ങളില്‍ നിന്നുപോലും സംഘാംഗങ്ങള്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്ന കേരളത്തിലെ ആദ്യ സംഘമെന്ന ഖ്യാതിയും നമ്മുടെ സംഘത്തിന് അവകാശപ്പെട്ടതാണ്.

സംഘാംഗങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഗുണകരമാകുന്ന വിധത്തിലുള്ള വിവിധതരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും വീണ്ടും നടത്തുവാന്‍ കഴിയുമെന്ന വിശ്വാസമാണ് സംഘത്തിന്‍റെ പുരോഗതിക്ക് ആധാരം.

നിഷ്പക്ഷവും നീതിയുക്തവും പരാതിരഹിതവും അഴിമതിമുക്തവുമായ സംശുദ്ധപ്രവര്‍ത്തനമാണ് നാളിതുവരെയുള്ള സംഘത്തിന്‍റെ വിശ്വാസൃതയ്ക്കാധാരം. പ്രസ്തുത വിശ്വാസം കാത്തു സൂക്ഷിക്കുക എന്നതാണ് സംഘത്തിന്‍റെ ധര്‍മ്മം.